top of page

മാറ്റങ്ങളോടെ കേരള എൻട്രൻസ്; മിനിമം മാർക്കിൽ ഇളവ്, നീറ്റ് /നാറ്റ എഴുതുന്നവരും ഇപ്പോൾ അപേക്ഷിക്കാം


‼️KEAM ഓൺലൈൻ അപേക്ഷ ഏപ്രിൽ 17 വരെ

പരീക്ഷ ജൂൺ 1 മുതൽ 9 വരെ

📍നീറ്റ് /നാറ്റ എഴുതുന്നവരും ഇപ്പോൾ അപേക്ഷിക്കണം


⭕കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബാച്‌ലർതല പ്രവേശനത്തിന് ഏപ്രിൽ 17 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  എസ്എസ്എൽസി/തുല്യസർട്ടിഫിക്കറ്റ്, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, കയ്യൊപ്പ്, 6 മാസത്തിനകം എടുത്ത ഫോട്ടോ എന്നിവയും ഒപ്പം സമർപ്പിക്കണം. അർഹത തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾ ഏപ്രിൽ 24നു വൈകിട്ട് 5 ന് അകം സമർപ്പിച്ചാൽ മതി. അ‍‍ഡ്മിറ്റ് കാർഡ് മേയ് 20 മുതൽ ഡൗൺലോഡ് ചെയ്യാം. എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം ജൂൺ 20ന് മുൻപറിയാം. റാങ്ക്‌ലിസ്റ്റുകൾ ജൂലൈ 20ന് അകം.

അപേക്ഷ

എല്ലാ കോഴ്സുകൾക്കും ഒരൊറ്റ അപേക്ഷ ഓൺലൈനായി അയച്ചാൽ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് എൻട്രൻസ് ഓഫിസിലേക്ക് അയയ്ക്കേണ്ട ∙അപേക്ഷാഫീ: (1) എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 875 രൂപ. (2) ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ. (3) എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 375 / 250 / 500 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതേണ്ടവർ അധികഫീ 15,000 രൂപ. ഫീ ഓൺലൈൻ ആയി അടയ്ക്കണം. ∙ഫീസിളവ്, സ്കോളർഷിപ് എന്നിവയ്ക്കായി പട്ടിക, ഒഇസി വിഭാഗക്കാരൊഴികെയുള്ളവർ വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ∙സംസ്ഥാനത്തെ പ്രഫഷനൽ കോളജ് പ്രവേശനത്തിനുള്ള സംവരണക്രമം പാലിച്ചായിരിക്കും സീറ്റ് വിഭജനം.

▫️▫️▫️▫️▫️▫️▫️▫️

കോളജ്, സീറ്റ്, കോഴ്സ്

സർക്കാർ, എയ്‌ഡഡ്, കോസ്റ്റ് ഷെയറിങ്, സ്വാശ്രയ, ഓട്ടോണമസ് സ്‌ഥാപനങ്ങളിലെ വിവിധ കോഴ്സുകളിലുള്ള സീറ്റുകൾ പ്രോസ്‌പെക്‌ടസിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

എ) സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. എല്ലാ സർക്കാർ / എയ്‌ഡഡ് കോളജുകളിലുമുണ്ട്. സർക്കാർ / സ്വകാര്യ സ്വാശ്രയ / ഓട്ടോണമസ് സ്‌ഥാപനങ്ങളിലെ കാര്യം പിന്നീടറിയാം.

ബി) മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുപ്പു നടത്തുന്നവ.

അലോട്‌മെന്റിനായി ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് ആകെയുള്ള സീറ്റുകളുടെ കൃത്യസംഖ്യകൾ ഇനം തിരിച്ചയറിയാം.

മൊത്തം കോളജുകൾ

സർക്കാർ, എയ്ഡഡ്, കോസ്റ്റ്–ഷെയറിങ്, സ്വകാര്യം, ഓട്ടോണമസ് അടക്കം ആകെ സ്ഥാപനങ്ങളിങ്ങനെ :

ബിടെക് / ബിആർക്– 167, എംബിബിഎസ്– 31, ബിഡിഎസ്– 26, ആയുർവേദം– 17, ഹോമിയോ– 5, സിദ്ധ– 1, യുനാനി – 1, ഫാർമസി– 58. കാർഷിക, ഫിഷറീസ്, വെറ്ററിനറി സ്ഥാപനങ്ങൾ ഇവയ്ക്കു പുറമേ

പഠനശാഖകൾ

1.എൻജിനീയറിങ് / ആർക്കിടെക്‌ചർ ശാഖകൾ 56.

2.മറ്റു കോഴ്സുകൾ: എംബിബിഎസ്, ഡെന്റൽ സർജറി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി, ഫാർമസി, കേരള കാർഷിക സർവകലാശാലയിലെ ബിഎസ്‌സി (ഓണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി

യോഗ്യത

1. എൻജിനീയറിങ്: 12ൽ മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്കു വേണം. കെമിസ്‌ട്രിയൊഴികെയുള്ള വിഷയങ്ങൾക്ക് വിശേഷ നിബന്ധനകളുണ്ട്.

2. മെഡിക്കൽ / അഗ്രികൾചറൽ: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 12ൽ ബയോളജി / കെമിസ്‌ട്രി / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി.

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, കോ–ഓപ്പറേഷൻ, ബയോടെക്നോളജി (കാർഷിക സർവകലാശാലയിലെ മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് 12ൽ ബയോളജി/ കെമിസ്‌ട്രി/ ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ക്ലൈമറ്റ് ചേഞ്ചിന് 12ൽ മാത്‍സ് കൂടുതലായി വേണം.

സിദ്ധയ്ക്ക് 10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം. യുനാനിക്ക് 10ലോ 12ലോ ഉറുദു / അറബിക് / പേർഷ്യൻ സ്കോർ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. സിദ്ധ, യുനാനി എന്നിവയ്ക്കു നിർദിഷ്ട അധിക ഭാഷായോഗ്യതയില്ലെങ്കിൽ ഒന്നാംവർഷ ക്ലാസിൽ ഈ ഭാഷകൾ വേറെ പഠിക്കേണ്ടിവരും.

വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക്. മെഡിക്കൽ–അനുബന്ധ/ കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യുജി)–2024 യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി ജയിച്ചവർക്ക് വിശേഷവ്യവസ്ഥകളുണ്ട്

3. ബിഫാം: 12ൽ ഫിസിക്‌സ് കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും പഠിച്ചു ജയിച്ചിരിക്കണം.

4. ബി ആർക്ക്: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌സ് ഉൾപ്പെട്ട 3 വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്കായാലും മതി. എൻട്രൻസ് പരീക്ഷയെഴുതേണ്ട. പക്ഷേ NATA–2024 എന്ന ദേശീയ അഭിരുചി പരീക്ഷയിൽ ജൂലൈ 31നു മുൻപ് യോഗ്യത നേടണം.

സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം. 12 ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 2024 ഡിസംബർ 31ന് 17 വയസ്സു തികയണം. ഉയർന്ന പ്രായമില്ല. മെഡിക്കൽ കോഴ്സുകൾക്ക് നീറ്റ് വ്യവസ്ഥകൾ പാലിക്കണം. വിഎച്ച്എസ്ഇ 12നു തുല്യമാണ്.

മിനിമം മാർക്കിൽ ഇളവ്

എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. എംബിബിഎസ്, ബിഡിഎസ് ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട 2 വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം; ഭിന്നശേഷി വിഭാഗക്കാർ 45%.

കാർഷിക സർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്ക് പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി.

മറ്റു നിർദേശങ്ങൾ

∙ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംവരണം കിട്ടാൻ മറ്റർഹസമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ നൽകണം.

∙ കേരളീയനാണെന്നു തെളിയിക്കാൻ ബന്ധപ്പെട്ട രേഖ അപ്‌ലോഡ് ചെയ്യണം. കേരളീയരല്ലാത്തവർ 2 തരം.

∙ പഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ (ഒസിഐ) എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കും. പക്ഷേ ഒരു സംവരണത്തിനും അർഹതയില്ല.

2 വെബ് സൈറ്റുകൾ

(1) പൊതുവിവരങ്ങൾക്ക്: www.cee-kerala.org. (2) ഓൺലൈൻ അപേക്ഷയ്‌ക്കും ഓപ്‌ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in.

വിലാസം: The Commissioner for Entrance Examinations, 7th Floor, KSRTC Bus Terminal Complex, Thampanoor, Thiruvananthapuram– 695 001; ഫോൺ: 155300 & 0471-2335523 / 2525300; ceekinfo.cee@kerala.gov.in. പുതിയ അറിയിപ്പുകൾക്കു വെബ്സൈറ്റുകൾ നോക്കണം.

✅ കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ

ഒരു ദിവസം രാവിലെയും ഉച്ചകഴിഞ്ഞും രണ്ടര മണിക്കൂർ വീതം 2 പേപ്പറുകളായി ഒഎംആർ ഷീറ്റുപയോഗിച്ച് പരീക്ഷ നടത്തുന്ന രീതി അവസാനിപ്പിച്ച്, കംപ്യൂട്ടർ ഉപയോഗിക്കുന്ന പുതിയ സമ്പ്രദായം സ്വീകരിച്ചതാണ് ഇത്തവണത്തെ വലിയ മാറ്റം. ഇതനുസരിച്ച് 3 മണിക്കൂർ നേരത്തെ ഒരു ടെസ്റ്റെഴുതിയാൽ മതി. ജൂൺ 1 മുതൽ 9 വരെ പല സെഷനുകളുള്ളതിൽ ഒരു സെഷനിൽ മാത്രം എഴുതാനായിരിക്കും നിർദേശം.

✅ സമയക്രമം ഇങ്ങനെ:

·ജൂൺ 1: ഉച്ചകഴിഞ്ഞ് 2.30– 5.30 വരെ

·ജൂൺ 2, 3, 5, 6, 7: രാവിലെ 9.00 – 12.00; ഉച്ചകഴിഞ്ഞ് 2.30 – 5.30

·ജൂൺ 8, 9: റിസർവ് ദിനങ്ങൾ

പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. രാവിലെ 7 മണിക്കും ഉച്ചതിരിഞ്ഞ് 12.30നും. ബയോമെട്രിക് പരിശോധനയ്ക്കുശേഷം നിശ്ചിത സീറ്റിലിരുത്തും. കംപ്യൂട്ടർ സ്ക്രീനിൽ ഇടത്തു താഴെയായി സീറ്റ് നമ്പർ തെളിഞ്ഞിരിക്കുന്നത് തനിക്ക് അലോട്ട് ചെയ്തുകിട്ടിയ നമ്പറും ഒന്നു തന്നെയെന്ന് വിദ്യാർഥി ഉറപ്പാക്കണം. അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സുതാര്യമായ ബോൾപേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ കൊണ്ടുചെല്ലാവൂ. പെൻസിൽ, കാൽക്കുലേറ്റർ തുടങ്ങിയവ പാടില്ല. റഫ് വർക്കിനു കടലാസു തരും. കംപ്യൂട്ടർ കീബോർഡ് ഉപയോഗിച്ചുകൂടാ. ആവശ്യമെങ്കിൽ സ്ക്രീനിലെ വെർച്വൽ കീബോർഡ് ആവാം. കംപ്യൂട്ടറിനോ മൗസിനോ തകരാറുണ്ടായാൽ പകരം കംപ്യൂട്ടർ ഉടൻ തരും.

യഥാർഥ ടെസ്റ്റിനു 15 മിനിറ്റു മുൻപ് മോക് ടെസ്റ്റുണ്ടായിരിക്കും.സമയം തീരുന്നതോടെ യഥാർഥ ടെസ്റ്റിലേക്കു വിദ്യാർഥിയെ കംപ്യൂട്ടർ നയിക്കും.

180 മിനിറ്റ് പരീക്ഷയിൽ 150 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. എൻജിനീയറിങ് എൻട്രൻസിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ നിന്ന് യഥാക്രമം 75, 45, 30 ചോദ്യങ്ങളുണ്ടായിരിക്കും. ഓരോ ചോദ്യത്തിനും നേർക്കുള്ള 5 ഉത്തരങ്ങളിൽ ശരിയുത്തരം അഥവാ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. ചോദ്യം വിട്ടുകളയുന്നതിനു മാർക്ക് കുറയ്ക്കില്ല. ബിഫാമിനു മാത്രം ശ്രമിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലെ 75 ചോദ്യങ്ങൾക്ക് 90 മിനിറ്റിൽ ഉത്തരം നൽകണം.

പരീക്ഷ പല സെഷനുകളിൽ നടത്തുന്നതിനാൽ ചോദ്യനിലവാരത്തിൽ വ്യത്യാസം വരാം. സ്കോറുകൾ നോർമലൈസ് ചെയ്താണ് റാങ്കിങ്ങിന് എടുക്കുക. ചോദ്യങ്ങൾക്കു പ്ലസ്ടു നിലവാരമായിരിക്കും. സിലബസ് പ്രോസ്പെക്ടസിൽ ഉണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഡൽഹി, മുംബൈ, ദുബായ് എന്നീ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.

✅ മാർക്ക് 12–ലെ മാത്രമോ?

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും റാങ്കിങ്ങിനും വ്യത്യസ്‌തരീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിക്കുന്നത്. 11,12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ 2 ക്ലാസുകളിലെയും മൊത്തം മാർക്കാണ് മിനിമം യോഗ്യതയ്‌ക്കു നോക്കുക. പ്രസക്ത വിഷയങ്ങളുടെ മൊത്തം മാർക്ക്.

12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. ഇപ്പറഞ്ഞ രീതി ഏതായാലും സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ഫൈനൽ ഇയർ മാർക് ആയിരിക്കും.

റാങ്കിങ് എങ്ങനെ?

ആകെ 5 റാങ്ക് ലിസ്‌റ്റുകളുണ്ടായിരിക്കും.1. എൻജീനീയറിങ് 2. ആർക്കിടെക്‌ചർ 3. ആയുർവേദമൊഴികെ മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകൾ 4. ആയുർവേദം 5. ബിഫാം

എൻജിനീയറിങ് പ്രവേശനത്തിന് 12ലെ 3 ഐച്ഛിക വിഷയങ്ങളിലെ മൊത്തം മാർക്കും എൻട്രൻസിലെ മൊത്തം മാർക്കും തുല്യവെയ്റ്റ് നൽകി(1:1) കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്‌ടു മാർക്കുകൾ പൊതുവായൊരു സ്‌റ്റാൻഡേർഡിൽ കൊണ്ടുവരുന്നു. അതിനു ശേഷമാണ് എൻട്രൻസ് മാർക്കിനോട് ചേർക്കുക.

ആർക്കിടെക്‌ചർ റാങ്കിങ്ങിന്, പ്ലസ്‌ടുവിലെ സ്‌റ്റാൻഡേർഡൈസ് ചെയ്യാത്ത മൊത്തം മാർക്കും ‘നാറ്റ’ എന്ന അഭിരുചി പരീക്ഷയിലെ മാർക്കും തുല്യവെയ്റ്റ് നൽകി കൂട്ടിച്ചേർക്കും. ഓരോന്നിനും 200 വീതം ആകെ 400 മാർക്കാണ് റാങ്കിങ്ങിന്റെ അടിസ്‌ഥാനം. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും മറ്റു മെഡിക്കൽ, അനുബന്ധ/ കാർഷിക കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2024 ലെ നീറ്റ് യുജി റാങ്കാണു നോക്കുക. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം. പ്ലസ്ടുവിനു സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യൂജി മാർക്കിനോട് 8 മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.


കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

70 views0 comments

Comments


bottom of page